ജീവിതത്തില്‍ ഒരിക്കല്‍ പോലും കേരളമണ്ണില്‍ കാലു കുത്തിയിട്ടില്ലെങ്കിലും, ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് എന്ന നോബേല്‍ ജേതാവ് കേരളക്കരയിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്. ഈ കഴിഞ്ഞ ഏപ്രില്‍ പതിനേഴിന് 87 വയസ്സില്‍ മെക്സിക്കോ സിറ്റിയില്‍ അന്തരിച്ച ഈ കൊളംബിയന്‍ എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇവ എല്ലാം തന്നെ ചൂടപ്പം പോലെ നമ്മുടെ നാട്ടില്‍ വിറ്റഴിഞ്ഞിട്ടുമുണ്ട്. മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റിയ മറ്റൊരു അന്യഭാഷാ എഴുത്തുകാരന്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ അന്യഭാഷാ എഴുത്തുകാരന്‍ എന്ന രീതിയിലല്ല, മറിച്ചു മലയാളത്തിന്റെ സ്വന്തം എഴുത്തുകാരില്‍ ഒരാളായാണ് നമ്മള്‍ ഗാബോയെ കാണുന്നത്.

gabeഎന്റെ കുട്ടിക്കാലത്ത് സ്കൂളില്‍ ടീച്ചര്‍ അഞ്ചു എഴുത്തുകാരുടെ പേര്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് എന്ന പേര്‍ അറിയാതെ ഞാന്‍ ഓര്‍ത്തുപോയി. മുത്തച്ഛന്റെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന കനമുള്ള പുസ്തകങ്ങളില്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു പേരായിരുന്നു അത്.

എം ടി വാസുദേവന്‍‌ നായര്‍ തന്റെ അമേരിക്കന്‍ യാത്രാ വിവരണത്തിലൂടെ എഴുപതുകളില്‍ ഗാബോയെ നമുക്ക് പരിചയപ്പെടുത്തിത്തന്നു. അന്നുമുതല്‍ കേരളത്തിലെ ഓരോ കൊച്ചു പുസ്തകശാലയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ദൃശ്യമായി തുടങ്ങി. അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങള്‍ ഇവിടെ എത്തും മുന്‍പ് തന്നെ വികലമായ പരിഭാഷകള്‍ നക്സലൈറ്റ് വാരികയായ ‘സോഷ്യലിസ്റ്റ് സംവാദത്തി’ലും മറ്റും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. അന്നത്തെയും ഇന്നത്തെയും തലമുറകളില്‍ ഈ ലാറ്റിന്‍ അമേരിക്കന്‍ കഥാകൃത്തിന്റെ ശക്തിയേറിയ സ്വാധീനം നിലനില്‍ക്കുന്നു.

‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ടെ മലയാള തര്‍ജ്ജമ എണ്‍പതുകളില്‍ കേരളത്തില്‍ വന്ന സമയത്ത് ഇവിടുത്തെ ഗ്രാമങ്ങളില്‍ ഇന്നത്തെ ആധുനിക സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. എന്നിട്ടും, പൊതുജനവും സാഹിത്യ നിരൂപകരും ഒരുപോലെ ‘മാര്‍കേസ്’ എന്ന് ആദ്യ താളില്‍ അച്ചടിച്ച്‌ തുന്നിക്കെട്ടിയ പുസ്തകങ്ങളിലൂടെ ആ മഹാകൃതിയുടെ സൗന്ദര്യം നുകര്‍ന്നു.

ഈ വികാരം കുറേനാള്‍ തുടര്‍ന്നു. 1982ല്‍ മാര്‍കേസിനു നോബെല്‍ സമ്മാനം ലഭിച്ചത് കേരളത്തില്‍ ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും ചൊല്ലി ഒരു എഴുത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു.

ആഷ മേനോനും എം കൃഷ്ണന്‍ നായരും അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ എഴുതിയ രണ്ടു പഠനങ്ങള്‍ അവിസ്മരണീയമാണ്. ആഷ മേനോന്റെ അഭിപ്രായത്തില്‍ ഗാബോയുടെ കഥ പറയല്‍ ശൈലിയാണ് മലയാളിയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. ഒരുപക്ഷെ, മിത്തുകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളിക്ക് ഗാബോയുടെ കഥകള്‍ തന്റെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയായി മാറിയിരിക്കാം.    എം കൃഷ്ണന്‍ നായരുടെ ‘സാഹിത്യ വാരഫലത്തില്‍’ അദ്ദേഹം ഇങ്ങനെ ഗാബോയെ വര്‍ണിച്ചു. “അഴുകിയ ചരിത്രം, നശിക്കുന്ന വര്‍ത്തമാനം, നാറുന്ന ഭാവി – ഇവ മൂന്നും ഇത്ര ഹൃദയഹാരിയായി പ്രതിപാദിക്കാന്‍ മറ്റൊരു എഴുത്തുകാരനും സാധിക്കില്ല.”

മാജിക്കല്‍ റിയലിസത്തിന്റെ വാതില്‍ എനിക്ക് തുറന്നു തന്നത് മാര്‍കേസാണ്. സ്വപ്നതുല്യമായ കഥാതന്തുവും ആഖ്യാനവും എന്നിലെ വായനക്കാരിയെ കോരിത്തരിപ്പിച്ചു; പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ‘കോളറക്കാലത്തെ പ്രണയം’. ഞാന്‍ എന്നും അദ്ദേഹത്തിന്റെ ചെറുകഥകളുടെയും ആത്മകഥയുടെയും ചലച്ചിത്ര ആവിഷ്കാരങ്ങളുടെയും ആരാധികയാണ്. ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഏറ്റവും മാസ്മരികമായി തുടങ്ങുന്നത് മാര്‍കേസിന്റെ ‘Chronicle of a Death Foretold’ ആണ്. “On the day they were going to kill him, Santiago Nasar got up at five-thirty in the morning to wait for the boat the bishop was coming on.” ഈ വരി ഇന്നും എന്റെ മനസ്സില്‍ മായാതെ പതിഞ്ഞു കിടക്കുന്നു.

തര്‍ജ്ജമകളിലൂടെ മാത്രമല്ല, ചലച്ചിത്ര ലോകത്തും മാര്‍കേസിന്റെ കഥകള്‍ ഒരു നവ്യാനുഭവവും പുത്തന്‍ ഉണര്‍വും സൃഷ്ടിച്ചു. മലയാളത്തിലെ ആദ്യത്തെ മാജിക്കല്‍ റിയലിസം സിനിമയുടെ പരീക്ഷണമായ ‘ആമേന്‍’ ന്‍റെ സംവിധായകനായ ലിജോ ജോസ് പള്ളിശ്ശേരി ഗാബോയുടെ ചിന്തകളും കൃതികളും ആദരവോടെ ഓര്‍ക്കുന്നു. തന്റെ സിനിമയില്‍ വര്‍ണ്ണിക്കുന്ന ഫാന്റസിയും സാങ്കല്‍പ്പിക കഥാപാത്രങ്ങളും തീര്‍ത്തും മാര്‍കേസിയന്‍ സ്വാധീനത്തില്‍ നിന്നും ഉടലെടുത്തവയാണെന്നു അദ്ദേഹം പറയുന്നു.gabe2

“എങ്ങനെ ജീവിച്ചു എന്നതല്ല, മറിച്ചു മറ്റുള്ളവര്‍ ആ ജീവിതത്തെ ഓര്‍ത്തെടുത്ത് എങ്ങനെ വിവരിക്കുന്നു എന്നതാണ് അതിന്റെ മൂല്യം…” മാര്‍കേസ് ‘Living to Tell the Tale’ എന്ന പുസ്തകത്തില്‍ ഈ വരി എഴുതിയപ്പോള്‍ സ്വന്തം ജീവിതത്തെ ലോകം എങ്ങനെ വിലയിരുത്തും എന്നുകൂടി ഉദ്ദേശിച്ചിരുന്നോ? അതെന്തുതന്നെയായാലും, തര്‍ജ്ജമകളിലൂടെ അദ്ദേഹം മലയാളി മനസ്സിന് പ്രിയങ്കരനായി. മരണത്തിന്റെയും പ്രണയത്തിന്റെയും ചിരകാല കാമുകാ വിട, പ്രിയപ്പെട്ട ഗാബോ!

One thought on “മലയാളിയുടെ സ്വന്തം ഗാബോ

  1. A comprehensive write up. The article throws much light into the writing style of Gabo. It’s really worth reading. A person with little knowledge about Gabo will surely get an overall idea about his books.

Leave a Reply

Your email address will not be published. Required fields are marked *